ബാങ്കിൽ കാശിടുന്നതിനൊരു കണക്കു വേണേ.. അല്ലെങ്കിൽ സർവീസ് ചാർജീടാക്കും
1) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ
പൊതുവെ 1000 രൂപ മുതൽ മുകളിലേയ്ക്ക് പല സ്കീമുകളിലായിട്ടാണ് മിനിമം ബാലൻസ് തുക നിജപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് തുക അക്കൗണ്ടിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ 100 മുതൽ 300 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്ന ചാർജ്.
2) എടിഎം ഇടപാടുമായി ബന്ധപ്പെട്ട ചാർജുകൾ
എ ടി എം വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം മിക്ക ബാങ്കുകളും പ്രതിമാസം 5 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് 20 രൂപ, ബാലൻസ് പരിശോധനയുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്ക് 10 രൂപ എന്നിങ്ങനെയാണ് കൂടുതലായി നടത്തുന്ന ഓരോ ഇടപാടിനും ഈടാക്കുന്നത്.
ഇതു കൂടാതെ എടിഎം കാർഡിന് വാർഷിക ഫീസായി 150 രൂപ മുതൽ 500 രൂപ വരെ ബാങ്കുകൾ ഈടാക്കുന്നുണ്ട്.
3) അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ
ചെക്കു വഴിയോ ഓൺലൈൻ ട്രാൻസ്ഫറായോ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് സൗജന്യമാണെങ്കിലും കറൻസി നിക്ഷേപിക്കുന്നതിന് മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്.പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം രൂപ വരെ മാത്രമേ സൗജന്യമായി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കൂ. കൂടുതലായി അടയ്ക്കുന്ന തുകയ്ക്ക് ലക്ഷത്തിന് 250 രൂപ വരെ ബാങ്കുകൾ കാഷ് ഹാൻഡ്ലിങ് ചാർജ് ഇനത്തിൽ ഈടാക്കുന്നുണ്ട്.
കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി അടയ്ക്കുകയാണെങ്കിൽ സാധാരണ ചാർജിന്റെ പകുതിയോളം ഇളവു ലഭിക്കുന്നതാണ്.
.4) അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ
ചെക്കിനു പകരം വിത്ഡ്രോവൽ സ്ലിപ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്. 25 മുതൽ 50 രൂപ വരെയാണ് ഒരിടപാടിന് ഈടാക്കാറ്.
5) അക്കൗണ്ടിലെ ഇടപാടുകളുടെ എണ്ണത്തിനുസരിച്ചുള്ള ചാർജുകൾ
ലെഡ്ജർ ഫോളിയോ ചാർജ് എന്നാണ് ഈ ചാർജ് പൊതുവെ അറിയിപ്പെടുന്നത്. മൂന്നുമാസകാലയളവിൽ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം 40-50 ൽ കൂടുകയാണെങ്കിലാണ് ഈ ചാർജ് ബാധകമാവുന്നത്. തുടർന്നുള്ള ഓരോ 40-50 എണ്ണം ഇടപാടുകൾക്കും 20 മുതൽ 50 വരെ രൂപയാണ് ഓരോ ബാങ്കും ഈടാക്കുന്നത്.
കാഷ്ബാക്ക് കിട്ടുമെന്ന ധാരണയിൽ ഗൂഗിൾ പേ വഴിയും മറ്റും ചെറിയ തുകകളുടെ ഇടപാടുകൾ തുരുതുരാ നടത്തിയ ഒത്തിരിപേർക്ക് കാഷ്ബാക്ക് കിട്ടുന്നതിനു പകരം അക്കൗണ്ടിൽ നിന്ന് ലെഡ്ജർ ഫോളിയോ ചാർജ് ഇനത്തിൽ നല്ലൊരു തുക നഷ്ടപ്പെട്ട ഒത്തിരി സംഭവങ്ങളുണ്ട്.
6) മറ്റു ചാർജുകൾ
മുകളിൽ വിവരിച്ചവ കൂടാതെ, ചെക്ക്ബുക്ക്, എസ് എം എസ് അലർട്ട്, ആർടിജിഎസ്/ നെഫ്റ്റ്, നാച്ച് മാൻഡേറ്റ്, ചെക്ക് റിട്ടേൺ, ലോക്കർ എന്നു തുടങ്ങിയ ചാർജുകൾ ബാങ്കുകൾ ഈടാക്കാറുണ്ടെങ്കിലും പ്രസ്തുത സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്കു മാത്രമേ ബാധകമാവുന്നുള്ളൂ.
ചുരുക്കിപ്പറഞ്ഞാൽ അക്കൗണ്ടിൽ ബാധകമായ ചാർജുകൾ എന്തൊക്കെയാണ് എന്നറിയാനായി ബാങ്ക് ശാഖയിലെ നോട്ടീസ് ബോർഡിലും ബാങ്കിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള സർവീസ് ചാർജ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക. സംശയമുള്ള പക്ഷം ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക.
ഓർക്കുക : ചാർജുകളെക്കുറിച്ചുള്ള അജ്ഞത ചാർജ് ഈടാക്കാതിരിക്കാനുള്ള കാരണമല്ല.
Comments
Post a Comment