ഡോർബെല്ലിൽ ക്യാമറ വച്ചയാൾ കുടുങ്ങി, അയല്‍ക്കാരിയ്ക്ക് നൽകേണ്ടത് 1 കോടി രൂപ!
ഓക്സ്ഫഡ്ഷെയറിലെ ഒരു വീട്ടിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറകളും റിങ് ഡോർബെല്ലും അയൽവാസിയുടെ സ്വകാര്യതയ്ക്ക് ഭീഷണിയായെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നാണ് വിധിച്ചത്. കാർ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാൻ വേണ്ടിയാണ് ബ്രിട്ടിഷ് യുവാവ് ഡോർബെല്ലിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ, ഈ ക്യാമറയുടെ മുൻ ഭാഗത്തുണ്ടായിരുന്ന വീട്ടിലെ സ്ത്രീയാണ് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.
രാജ്യത്തെ സ്വകാര്യതാ നിയമ ലംഘനത്തിന്റെ പേരിലാണ് ജോൺ വുഡാർഡിൽ നിന്ന് ഇത്രയും വലിയ തുക പിഴയായി ഈടാക്കാൻ വിധിച്ചത്. പരാതിക്കാരിയായ ഡോക്ടർ മേരി ഫെയർഹർസ്റ്റിനാണ് ഈ തുക ലഭിക്കുക. വീടിന്റെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ച കുഞ്ഞൻ ക്യാമറ ഇത്രയും വലിയ തലവേദനയാകുമെന്ന് ജോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതാദ്യമായാണ് ഡോർബെൽ ക്യാമറയുടെ പേരിൽ ഇത്തരമൊരു വിധി വരുന്നത്.
മൂന്നു വർഷം മുൻപ്, മുറ്റത്തുകിടന്ന കാർ മോഷണം പോയതോടെയാണ് ജോൺ ഡോർെബല്ലിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറ തന്റെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വാദിച്ച് അയൽവാസി ഡോക്ടർ പരാതി നൽകുകയായിരുന്നു. ജോണിന്റെ വീടിനു മുൻപിൽ ക്യാമറ സ്ഥാപിച്ചതോടെ താൻ എപ്പോഴും ക്യാമറയുടെ നിരീക്ഷണത്തിലായി, ഇത് തന്റെ സ്വകാര്യത ലംഘിക്കുന്നതായാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്.
അയൽക്കാരനായ ജോൺ വുഡാർഡിന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ രാജ്യത്തെ ഡേറ്റാ നിയമങ്ങൾ ലംഘിക്കുകയും മാനസിക പീഡനത്തിന് കാരണമാവുകയും ചെയ്തുവെന്നും ഡോക്ടർ കോടതിയിൽ വാദിച്ചു. ഈ രണ്ട് അവകാശവാദങ്ങളും ജഡ്ജി ശരിവച്ചു.
ക്യാമറ സ്ഥാപിച്ചതിനെ ചൊല്ലി അയൽക്കാർ തമ്മിൽ നേരത്തെ തർക്കങ്ങൾ നടന്നിരുന്നു. തുടർന്ന് ഡോക്ടർ വീട്ടിൽ നിന്ന് താമസം മാറിപ്പോകുക വരെ ചെയ്തു. ഇതെല്ലാം കോടതിയിൽ രേഖകളായി കാണിക്കുകയും ചെയ്തിരുന്നു.
Comments
Post a Comment