സ്റ്റെപ്പിനി ടയറിന് വലുപ്പക്കുറവ്; വാഹന നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണം
പുതിയ കാർ വാങ്ങുമ്പോൾ സ്റ്റെപ്പിനിയായി നൽകിയ ചക്രത്തിന് വ്യത്യസ്ത വലുപ്പമായതിന് പരാതിക്കാരന് വാഹന നിർമാതാവും ഡീലറും ചേർന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ കാസർകോട് ഉപഭോക്തൃതർക്ക പരിഹാരഫോറത്തിന്റെ വിധി. കുറ്റിക്കോൽ ഞെരുവിലെ സി.മാധവനാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്. കാറിൽ ഘടിപ്പിച്ചിരുന്ന നാല് ചക്രങ്ങളെക്കാൾ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നൽകിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങൾ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വർക്ക്ഷോപ്പ് ഇല്ലെങ്കിൽ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃഫോറം വ്യക്തമാക്കി. വാഹനവിലയിൽ സ്റ്റെപ്പിനി ചക്രത്തിന്റെ വിലകൂടി ഉൾപ്പെടുമെന്നും മോട്ടോർ വാഹനചട്ട പ്രകാരം ഇത് നൽകാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണെന്നും കെ.കൃഷ്ണൻ അധ്യക്ഷനും എം.രാധാകൃഷ്ണൻ, കെ.ജി.ബീന എന്നിവർ അംഗങ്ങളുമായ ഫോറം വിധിച്ചു. സ്റ്റെപ്പിനി ചക്രം നൽകുന്നത് അടിയന്തരഘട്ടത്തിൽ അടുത്ത വർക്ക്ഷോപ്പുവരെ എത്താനാണെന്നായിരുന്നു വാഹന നിർമാതാതാവിന്റെയും വില്പനക്കാരന്റെയും വാദം. പരാതിക്കാരനുവേണ്ടി ടി.സി.നാരായണൻ ഹാജരായി.